കോഴഞ്ചേരി: കോഴഞ്ചേരിയിൽ പന്പാനദിക്കു കുറുകെയുള്ള സമാന്തര പാലത്തിന്റെ പണികള്‍ ത്വരിതപ്പെടുത്താൻ അബിൻ വർക്കി എംഎൽഎ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഇന്നലെ പാലത്തിന്റെയും സമീപന പാതയുടെയും നിർമാണം വിലയിരുത്താനെത്തിയതായിരുന്നു എംഎൽഎ.
നിലവില്‍ പാലത്തിന്റെ പണികള്‍ അവസാന ഘട്ടത്തിലാണെങ്കിലും ടാറിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ മഴ കാരണം എന്ന് പൂര്‍ത്തിയാകുമെന്നു പറയാനാകില്ല. മൂന്ന് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എൻജിനിയർ സി.ബി.സുഭാഷ് കുമാര്‍ എംഎല്‍എയെ ധരിപ്പിച്ചു.
പാലത്തിന്റെ നടപ്പാത, വശങ്ങളിലെ സംരക്ഷണ ഭിത്തികളുടെ മിനുക്കുപണികൾ, പെയിന്റിംഗ്, തോട്ടപ്പുഴശേരി ഭാഗത്ത് 80 മീറ്ററിലധികം ഭാഗത്തെ സമാന്തര റോഡ് നിര്‍മാണം, ബിഎം ആൻഡ് ബിസി നിലവാരത്തില്‍ പാലവും സമന്തര പാതയും ഉള്‍പ്പെടെയുളള ടാറിംഗ്, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്‍വശത്തെ ഓടയുടെ നിര്‍മാണം എന്നിവയാണ് ഇനി പ്രധാനമായും പൂര്‍ത്തിയാകാനുള്ളത്. നിർമാണവുമായി ബന്ധപ്പെട്ട് ഇരുകരകളിലുമുള്ള അനുബന്ധ ജോലികളും ബാക്കിയാണ്.
കോഴഞ്ചേരി ഭാഗത്ത് മാര്‍ക്കറ്റിലേക്കുള്ള റോഡ് നിർമിക്കാനുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോന് പുതുപറമ്പിലും വൈസ് പ്രസിഡന്റ് സുനിത ഫിലിപ്പും എംഎല്‍എയോടു പറഞ്ഞു. മാര്‍ക്കറ്റിലെ റോഡിൽ പൂട്ടുകട്ട പാകണമെന്ന് എംഎൽഎ നിർദേശിച്ചു.
ടികെ റോഡിലെ പഴയ പാലത്തിന്റെ സമീപത്തു നിന്ന് മാരാമണ്‍ കണ്വന്ഷന് നഗറിലേക്കുള്ള വഴി റീടാറിംഗ് നടത്തുക, പുതിയ പാലത്തിന് അടി ഭാഗത്ത് നിര്‍മിച്ച താത്ക്കാലിക പാത വെളളം താഴുന്ന നിലയ്ക്ക് അടിയന്തരമായി ചെയ്യുക എന്നീ നിർദേശങ്ങളും അബിൻ വർക്കി ഉദ്യോഗസ്ഥരെ ധരിപ്പിച്ചു.
പുതിയ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട പന്പാനദിയിൽ സ്ഥാപിച്ച താത്കാലിക പാതയും നിർമാണ സാമഗ്രികളും പള്ളിയോടങ്ങളുടെ യാത്രയെ തടസപ്പെടുത്തുന്നതായി എംഎൽഎ ചൂണ്ടിക്കാട്ടി. പാലത്തിന് അടിയിലെ മണ്ണു നീക്കം ചെയ്യുന്നതിനൊപ്പം പുറ്റുകളും നീക്കം ചെയ്തു പള്ളിയോടങ്ങളുടെ യാത്ര സുഗമമാക്കണമെന്നാണ് നിർദേശം.
തോട്ടപ്പുഴശേരി ഭാഗത്ത് ഓടയുടെ നിര്‍മാണം പൂര്‍ത്തികരിച്ചിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍, വൈസ് പ്രസിഡന്റ് സി.എസ്.അനീഷ് കുമാര്‍ എന്നിവര്‍ എംഎൽഎയെ ധരിപ്പിച്ചു. ഈ ഭാഗത്ത് പഞ്ചത്ത് ഓഫീസിനു സമീപം നില്ക്കുന്ന മരം മുറിച്ചുമാറ്റാന്‍ അനുമതി ഇതേവരെ ലഭ്യമായിട്ടില്ല. ഓടയുടെ നിർമാണം പൂർത്തീകരിക്കണമെന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുക്കണം. ഇതിനും നടപടിയായിട്ടില്ല.
സമീപന പാതയുടെ ഭാഗത്തുള്ള വൈദ്യുത തൂണുകള്‍ മാറ്റിയിടുന്നതിനു വൈദ്യുതി വകുപ്പിന് എസ്റ്റിമേറ്റ് നല്‍കിയെങ്കിലും പണം കെആര്‍എഫ് ഇതേവരെ നല്‍കിയിട്ടില്ല. ഇത്രയും പണികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ പാലവും റോഡും ഗതാഗതത്തിനു തുറന്നു കൊടുക്കാന്‍ കഴിയുകയുള്ളുവെന്നും എംഎല്‍എ അറിയിച്ചു. നിർമാണ പുരോഗതി വിലയിരുത്താൻ അടുത്തമാസം വീണ്ടും യോഗം ചേരുമെന്നും അബിൻ വർക്കി പറഞ്ഞു.
യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ജോണ്സണ് വിളവിനാൽ, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി അലക്സ്, സ്ഥിരം സമിതി അധ്യക്ഷന്‍ അശോക് ഗോപിനാഥ്, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തംഗങ്ങളായ മഞ്ജു ലക്ഷ്മി, ബാബു പഴയിടത്തിൽ, പ്രകാശ്കുമാര്, ജിപ്സണ്‍ വെട്ടത്ത്, ഷെറിന് റോയി, കോഴഞ്ചേരി പഞ്ചായത്തംഗങ്ങളായ അനീഷ് ചക്കുംങ്കൽ, ലതാ ചെറിയാന് തുടങ്ങിയവരും എംഎല്‍എയ്ക്കൊപ്പമുണ്ടായിരുന്നു.